കർണ്ണന്റെ രാഷ്ട്രീയം
"നീങ്ക നീങ്കളാ ഇറുക്കിറ വരേക്കും, നാൻ നായാ താൻ ഇറുക്കണുംന്ന് നീങ്ക എതിർ പാർക്ക വരേക്കും ഇങ്കേ എതുവുമേ മാറാത്. ഇപ്പടിയേ താൻ ഇറുക്കും." പരിയേറും പെരുമാളിലൂടെ മാരി ശെൽവരാജ് എന്ന സംവിധായകന്റെ അടയാളപ്പെടുത്തലാണിത്. അത് തന്നെയാണ് തന്റെ പുതിയ സിനിമയായ കർണനിലൂടെ അദ്ദേഹം പറയാൻ ശ്രമിക്കുന്നതും.
കല എന്നും വിപ്ലവമാണ്. പുസ്തകങ്ങളിലൂടെ നാടകങ്ങളിലൂടെ ചിത്രങ്ങളിലൂടെ പ്രസംഗങ്ങളിലൂടെ സംവാദങ്ങളിലൂടെ സിനിമകളിലൂടെയക്കെത്തന്നെയാണ് ഈ നാട് ഉരുത്തിരിഞ്ഞത്. കർണനും അത്തരത്തിലുള്ളൊരു വിപ്ലവമാണ്. ജാതിചിന്തകൾക്കെതിരെയുള്ള, നീതിനിഷേധിക്കുന്നവർക്കെതിരെയുള്ള ഒരു നാടിന്റെ വിപ്ലവം.
ഒന്നോർത്താൽ നമ്മളും പൊടിയൻകുളവും തമ്മിൽ വലിയ ദൂരമില്ല. നമുക്കുള്ളിലും നമുക്ക് ചുറ്റും ഒളിഞ്ഞും തെളിഞ്ഞും കാണുന്ന അപ്പർ ക്ലാസ് ഈഗോ തന്നെയാണ് പൊടിയൻകുളത്തിന്റെ പിടച്ചിലുകളിലൂടെ അനാവരണം ചെയ്യപ്പെടുന്നത്.
സ്വന്തമായി ഭൂമിയില്ലാതെ, സ്വന്തം നാടിനൊരു അസ്ഥിത്വമില്ലാതെ ജീവിക്കുന്നവരാണ് പൊടിയങ്കുളത്തുകാർ.
അവിടെ മാടസാമിയുടെ മകന് കർണനെന്നോ ദുര്യോധനനെന്നോ അഭിമന്യുവെന്നോ പേരിടാൻ അവകാശമില്ല. ജീവിക്കുന്ന നാലതിരുകൾക്കപ്പുറമുള്ള ലോകത്തേക്ക് പോകാൻ അവകാശമില്ല.
വിദ്യാഭ്യാസം നേടാൻ അവകാശമില്ല. നീതിക്ക് വേണ്ടി നാവുയർത്താൻ അവകാശമില്ല. അങ്ങനെ അവകാശങ്ങളൊന്നുമില്ലാതെ, കാല് കെട്ടിയ കഴുതയപ്പോലെ ജീവിച്ചിരുന്ന ഒരു സമൂഹം ഒരു ദിവസം തലയുയർത്തി, മണ്ണിൽ ചവുട്ടി, അധികാരവർഗ്ഗത്തിന്റെ കണ്ണിൽ നോക്കി നിൽക്കുന്നു. അതാണ് മാരി ശെൽവരാജിന്റെ കർണൻ.
കടുത്തൊരു പ്രഹരമേൽപ്പിച്ചാണ് സിനിമ ആരംഭിക്കുന്നത്. തുടക്കം മുതൽ ഒടുക്കം വരെ അതിന്റെ വേദന നമ്മെ പിന്തുടരും. പൊടിയങ്കുളത്തിന് സ്വന്തമായൊരു ബസ്സ് സ്റ്റോപ്പില്ല. ബസ് കയറണമെങ്കിൽ ഏറെദൂരം നടന്ന് മേലൂര് വരണം. അവിടുത്തെ പരിഷ്കൃത സവർണ ഈഗോയുടെ മുന്നിൽ പൊടിയങ്കുളത്തുകാർ എന്നും അധഃകൃതർ ആയിരുന്നു.
കാൽച്ചുവട്ടിൽ കിടക്കുന്നവർ എന്നും പുഴുക്കളെപ്പോലെ അരിച്ചു നടക്കണമെന്ന മനോഭാവത്താൽ പൊടിയങ്കുളത്ത് ഒരു ബസ് സ്റ്റോപ്പ് വരാൻ അധികാരികളോ മേലൂരുള്ളവരോ സമ്മതിച്ചിരുന്നില്ല. ബസ് സ്റ്റോപ്പ് എന്നത് പൊടിയങ്കുളത്തുകാരുടെ വെറുമൊരു ആവശ്യം മാത്രമായിരുന്നില്ല. ആ നാടിന്റെ ഐഡന്റിറ്റി കൂടിയായിരുന്നു.
നീതിയുടെ മുൻപിൽ കണ്ണടച്ചിരുന്ന അധികാരവർഗ്ഗം പൊടിയങ്കുളത്തേക്ക് എത്തുന്നത് മുതലാണ് സിനിമയുടെ ഗതി മാറുന്നത്. ചെയ്ത തെറ്റിന്റെ പേരിലല്ല, തലയുയർത്തിപ്പിടിച്ചതിന്റെ പേരിൽ, തലപ്പാവ് കെട്ടിയതിന്റെ പേരിൽ, മാടസാമിയുടെ മകൻ മാടസാമിയായി ജീവിക്കാത്തതിന്റെ പേരിൽ ആണെന്നോ പെണ്ണെന്നോ കുട്ടിയെന്നോ വ്യത്യാസമില്ലാതെ ഒരു നാട് ഇല്ലായ്മ ചെയ്യപ്പെടുകയാണ്.
പൊടിയങ്കുളം ഒരു സാങ്കല്പിക കഥയല്ല. 1996ൽ തമിഴ്നാട് സർക്കാർ പോലും തള്ളിക്കളഞ്ഞൊരു ഓർമ്മയാണ്. 1995ൽ തമിഴ്നാട്ടിലെ കൊടിയങ്കുളം എന്ന ഗ്രാമത്തെ 600 പേരടങ്ങുന്ന പോലീസ് സംഘം ഇല്ലായ്മ ചെയ്തൊരു സംഭവം തമിഴ്നാടിന്റെ ചരിത്രത്തിലുണ്ട്. ബസിലെ ജീവനക്കാരും വിദ്യാർത്ഥിയുമായുണ്ടായ വഴക്ക് അപ്പർ ക്ലാസ് ഈഗോയ്ക്ക് ലഭിച്ചൊരു ആയുധമായിരുന്നു. അന്നത്തെ ആ ജാതീയ കലാപത്തിൽ നിരവധിപേരാണ് മരിച്ചത്.
കർണൻ ഒരു കൊളാഷാണ്. ജാതിവെറിയുടെ പേരിൽ നടന്നിട്ടുള്ള അനീതികളുടെ കൊളാഷ്.
ധനുഷ്, ലാൽ, യോഗിബാബു തുടങ്ങിയ ഒരു കൂട്ടം മനുഷ്യരുടെ അതിഗംഭീരമായ
അഭിനയമുഹൂർത്തങ്ങൾ കർണ്ണനെ ഉയരങ്ങളിലേക്ക് നയിക്കുന്നു.
പൊടിയങ്കുളത്തിന്റെ വിശാലമായ ക്യാൻവാസിനെ അതേ സൂക്ഷ്മതയിൽ തേനി ഈശ്വറിന്റെ ക്യാമറ പകർത്തുന്നുണ്ട്. ഓരോ ഫ്രയിമിനെയും അത്രമേൽ ആഴത്തിൽ സ്വാധീനിക്കുന്ന സന്തോഷ് നാരായണന്റെ സംഗീതം കർണ്ണന് പുതിയ ഭാവങ്ങൾ നൽകുന്നു.
സിനിമയ്ക്കൊപ്പം ചേർത്ത് വായിക്കേണ്ടതാണ് മാരി ശെൽവരാജ് എന്ന എഴുത്തുകാരന്റെ പൊളിട്ടിക്സ്.
സമകാലിക രാഷ്ട്രീയ - സാമൂഹിക വ്യവസ്ഥകളോടുള്ള കലഹമാണ് അദ്ദേഹത്തിന്റെ ഓരോ എഴുത്തുകളും. ജാതിവ്യവസ്ഥയെ ഉന്മൂലനം ചെയ്യാനായി അംബേദ്കർ മുന്നോട്ട് വെച്ച ആശയങ്ങൾ തന്റെ സിനിമകളിലൂടെ കൃത്യമായി അടയാളപ്പെടുത്താൻ സംവിധായകനാവുന്നുണ്ട്.
ബൊമ്മത്തലയുള്ള ദൈവങ്ങളും തലയില്ലാത്ത ബുദ്ധനും ആടും മാടും പന്നിക്കൂട്ടങ്ങളും കോഴിക്കുഞ്ഞുങ്ങളെ റാഞ്ചുന്ന പരുന്തുകളും തുടങ്ങിയ നിരവധി ബിംബങ്ങളാൽ സമ്പന്നമാണ് കർണൻ.
കർണൻ ഒരു അടയാളപ്പെടുത്തലാണ്. ഇത് എന്റെയും കൂടി ഇടമാണെന്ന് വിളിച്ചു പറയേണ്ടി വരുന്ന ഒരോ മനുഷ്യരുടെയും അസ്തിത്വത്തിന്റെ അടയാളപ്പെടുത്തൽ... സാമൂഹിക- രാഷ്ട്രീയ അനീതികൾക്കെതിരെ മുഴങ്ങിയിട്ടുള്ള ശബ്ദങ്ങളുടെ അടയാളപ്പെടുത്തൽ... ജാതി ചിന്തകൾക്കതീതമായി, വർണ്ണ-വർഗ്ഗ-ലിംഗ ഭേദമന്യേ ഈ നാട് മാറേണ്ടിയിരിക്കുന്നു എന്ന ബോധത്തിന്റെ അടയാളപ്പെടുത്തൽ...
അതോടൊപ്പം കാലുകൾ ബന്ധിപ്പിക്കുന്ന കഴുതയുടെയും പോലീസ് സ്റ്റേഷനിലെ ഒറ്റപെട്ടു പോയ ചിത്രശലഭത്തിന്റെയും ഉപമകൾ കൂടി ആ നാട്ടിലെ മനുഷ്യരുടെ അപ്പോഴുള്ള അവസ്ഥ വളരെ വ്യക്തമാക്കിയിട്ടുണ്ട്.ഒരു ഭാഗത്ത് സ്വാതന്ത്ര്യം കിട്ടിയ ജനങ്ങളെ കാണാൻ സാധിക്കുമ്പോൾ,മറ്റൊരിടത്തു കാൽ കീഴിൽ ബന്ധപ്പിച്ച് തല്ലിച്ചതക്കുന്നതും കാണാം✍🏻
ReplyDelete❤
Delete