അന്ത്യതർപ്പണം
എന്നെ ഇവിടെ ഉപേക്ഷിക്കണം... ചിലപ്പോൾ മഞ്ഞയും നീലയും നിറത്തിൽ, മറ്റുചിലപ്പോൾ വെള്ളപ്പൂക്കളും ചൂടി നിൽക്കുന്ന ഈ ചെമ്മൺചെരുവിൽ... എനിക്കായ് ഒരു വഴി വെട്ടിത്തെളിച്ച്, പാതി വഴിയിൽ തഴച്ചു വളരുന്ന പാറക്കൂട്ടത്തിനു ചോട്ടിൽ എന്നെ നീ കളയണം... ചത്ത ഇലകളും ചതഞ്ഞ പൂക്കളും ഒരുപിടി കല്ലും മണ്ണും കൂട്ടിക്കുഴച്ച് നാക്കിലയിൽ ഉരുളയുരുട്ടി തർപ്പണം ചെയ്യണം. ഇനിയാരും വന്നെത്തി നോക്കാവിധം മുള്ളും പടർപ്പും കോടയും കൊണ്ട് വഴി മൂടി തിരിഞ്ഞൊന്ന് നോക്കാതെ നീ നടന്നകലണം... കാറ്റും മണ്ണും മഴയുമേറ്റ് ഞാനവിടെ കിടക്കും... കാക്കയും കഴുകനും എന്നെ കൊത്തിപ്പറിക്കും. എലികൾ എന്റെ ഹൃദയം തുരന്നെടുക്കും. ചിലപ്പോൾ ഞാൻ അവർക്കെന്റെ കരൾ പകുത്ത് നൽകും. അഴുകുന്ന ഗന്ധത്തിലൂടെ പുഴുക്കൾ അരിച്ച് നടക്കും. ഒഴിഞ്ഞ കൺകുഴിക്കുള്ളിൽ ഈച്ചകൾ മുട്ടയിട്ട് പെരുകും. ഒടുവിൽ ഒരു വേനലിൽ വേരുകൾ എന്നെ തേടി വരും. എല്ലിൻ മുട്ടികളിൽ അവർ പരതും. താടിയെല്ലുകൾക്കിടയിൽ ചതഞ്ഞരഞ്ഞുകിടക്കുന്ന നാമ്പുകൾ കണ്ട്, ശേഷിക്കുന്ന മുടിയിഴകളിൽ കുരുങ്ങിപ്പോവാതെ അവർ മടങ്ങിപ്പോവും. യുഗങ്ങളോളം ഞാനവിടെ കിടക്കും... ഒരിക്കൽ വസന്തം വേരാഴ്ത്തുന്നതും കാത്ത്, വളർന്നു പടർന...