വിഷാദത്തിന്റെ ഇടനാഴികൾ...
"ലോകം കട്ടിലിന്റെ നാല് കാലുകൾക്കുള്ളിലേക്ക് ചുരുങ്ങിപ്പോകുന്നത് നിസ്സഹായതയോടെ നോക്കി നിൽക്കാനേ കഴിഞ്ഞിട്ടുള്ളൂ. പലപ്പോഴും മനസ്സിൽ വല്ലാതെ ഭാരം നിറഞ്ഞ് ഇരുട്ട് പടർന്നിരിക്കുന്നതായി തോന്നും. ഒന്നിലും ശ്രദ്ധ പതിപ്പിക്കാൻ പറ്റുന്നില്ല. ഒന്നും സന്തോഷം തരുന്നില്ല. ചിലപ്പോൾ വെറുതെയിരുന്ന് കരയാൻ തോന്നും. സെൻസിറ്റിവിറ്റിയുടെ അങ്ങേത്തലക്കലെത്തി നിൽക്കുന്നതായി തോന്നും. പലതും ചെയ്ത് നോക്കി ഒടുവിൽ വൃഥാവിലാകുന്ന അവസ്ഥ. ചുറ്റുമുള്ള എല്ലാവരാലും തിരസ്കരിക്കപ്പെടുന്നുവെന്ന തോന്നലുണ്ടാവാൻ തുടങ്ങിയിട്ട് കുറച്ചായി. പലപ്പോഴും തോന്നും ഈ ലോകത്തിന് ഒരു അധികപ്പറ്റാണെന്ന്. പല ദിവസങ്ങളും കണ്ണുതുറക്കുന്നത് നിരാശയിലേക്കും മടുപ്പിലേക്കുമാണ്. സഹായത്തിനായി കൈ നീട്ടണമെന്ന് തോന്നാറുണ്ട്. പക്ഷേ എല്ലാം ഒടുക്കം ഉള്ളിൽ തന്നെ കുഴിച്ചുമൂടും. ഡിപ്രഷൻ ആണെന്ന് പറഞ്ഞാൽ ചേർത്ത് നിർത്തുന്നവരെക്കാൾ കൂടുതൽ നെറ്റി ചുളിക്കുന്നവരാണ് ചുറ്റും. 'എല്ലാം തോന്നലാണ്', 'എല്ലാം ശരിയാകും', 'ആവശ്യമില്ലാതെ ചിന്തിച്ച് കൂട്ടുന്നതാണ്', 'വിശ്രമിക്കൂ' തുടങ്ങിയ വാക്കുകളിലേക്ക് പല സാന്ത്വനങ്ങളും ചുരുങ്ങിപ്പോകും......