കർണ്ണന്റെ രാഷ്ട്രീയം
"നീങ്ക നീങ്കളാ ഇറുക്കിറ വരേക്കും, നാൻ നായാ താൻ ഇറുക്കണുംന്ന് നീങ്ക എതിർ പാർക്ക വരേക്കും ഇങ്കേ എതുവുമേ മാറാത്. ഇപ്പടിയേ താൻ ഇറുക്കും." പരിയേറും പെരുമാളിലൂടെ മാരി ശെൽവരാജ് എന്ന സംവിധായകന്റെ അടയാളപ്പെടുത്തലാണിത്. അത് തന്നെയാണ് തന്റെ പുതിയ സിനിമയായ കർണനിലൂടെ അദ്ദേഹം പറയാൻ ശ്രമിക്കുന്നതും. കല എന്നും വിപ്ലവമാണ്. പുസ്തകങ്ങളിലൂടെ നാടകങ്ങളിലൂടെ ചിത്രങ്ങളിലൂടെ പ്രസംഗങ്ങളിലൂടെ സംവാദങ്ങളിലൂടെ സിനിമകളിലൂടെയക്കെത്തന്നെയാണ് ഈ നാട് ഉരുത്തിരിഞ്ഞത്. കർണനും അത്തരത്തിലുള്ളൊരു വിപ്ലവമാണ്. ജാതിചിന്തകൾക്കെതിരെയുള്ള, നീതിനിഷേധിക്കുന്നവർക്കെതിരെയുള്ള ഒരു നാടിന്റെ വിപ്ലവം. ഒന്നോർത്താൽ നമ്മളും പൊടിയൻകുളവും തമ്മിൽ വലിയ ദൂരമില്ല. നമുക്കുള്ളിലും നമുക്ക് ചുറ്റും ഒളിഞ്ഞും തെളിഞ്ഞും കാണുന്ന അപ്പർ ക്ലാസ് ഈഗോ തന്നെയാണ് പൊടിയൻകുളത്തിന്റെ പിടച്ചിലുകളിലൂടെ അനാവരണം ചെയ്യപ്പെടുന്നത്. സ്വന്തമായി ഭൂമിയില്ലാതെ, സ്വന്തം നാടിനൊരു അസ്ഥിത്വമില്ലാതെ ജീവിക്കുന്നവരാണ് പൊടിയങ്കുളത്തുകാർ. അവിടെ മാടസാമിയുടെ മകന് കർണനെന്നോ ദുര്യോധനനെന്നോ അഭിമന്യുവെന്നോ പേരിടാൻ അവകാശമില്ല. ജീവിക്കുന്ന നാലതിരുകൾക്കപ്പുറമുള...