വിഷാദത്തിന്റെ ഇടനാഴികൾ...
"ലോകം കട്ടിലിന്റെ നാല് കാലുകൾക്കുള്ളിലേക്ക് ചുരുങ്ങിപ്പോകുന്നത് നിസ്സഹായതയോടെ നോക്കി നിൽക്കാനേ കഴിഞ്ഞിട്ടുള്ളൂ. പലപ്പോഴും മനസ്സിൽ വല്ലാതെ ഭാരം നിറഞ്ഞ് ഇരുട്ട് പടർന്നിരിക്കുന്നതായി തോന്നും. ഒന്നിലും ശ്രദ്ധ പതിപ്പിക്കാൻ പറ്റുന്നില്ല. ഒന്നും സന്തോഷം തരുന്നില്ല. ചിലപ്പോൾ വെറുതെയിരുന്ന് കരയാൻ തോന്നും. സെൻസിറ്റിവിറ്റിയുടെ അങ്ങേത്തലക്കലെത്തി നിൽക്കുന്നതായി തോന്നും. പലതും ചെയ്ത് നോക്കി ഒടുവിൽ വൃഥാവിലാകുന്ന അവസ്ഥ. ചുറ്റുമുള്ള എല്ലാവരാലും തിരസ്കരിക്കപ്പെടുന്നുവെന്ന തോന്നലുണ്ടാവാൻ തുടങ്ങിയിട്ട് കുറച്ചായി. പലപ്പോഴും തോന്നും ഈ ലോകത്തിന് ഒരു അധികപ്പറ്റാണെന്ന്.
പല ദിവസങ്ങളും കണ്ണുതുറക്കുന്നത് നിരാശയിലേക്കും മടുപ്പിലേക്കുമാണ്. സഹായത്തിനായി കൈ നീട്ടണമെന്ന് തോന്നാറുണ്ട്. പക്ഷേ എല്ലാം ഒടുക്കം ഉള്ളിൽ തന്നെ കുഴിച്ചുമൂടും. ഡിപ്രഷൻ ആണെന്ന് പറഞ്ഞാൽ ചേർത്ത് നിർത്തുന്നവരെക്കാൾ കൂടുതൽ നെറ്റി ചുളിക്കുന്നവരാണ് ചുറ്റും. 'എല്ലാം തോന്നലാണ്', 'എല്ലാം ശരിയാകും', 'ആവശ്യമില്ലാതെ ചിന്തിച്ച് കൂട്ടുന്നതാണ്', 'വിശ്രമിക്കൂ' തുടങ്ങിയ വാക്കുകളിലേക്ക് പല സാന്ത്വനങ്ങളും ചുരുങ്ങിപ്പോകും..."
വിഷാദം ഇന്ന് പലരും ആഘോഷമാക്കുകയാണ്. കാല്പനികതയിൽ പൊതിഞ്ഞ് വിളമ്പിയാൽ ആരാധകരേറുന്ന ഒരു വിഭവമായി മാറിക്കഴിഞ്ഞിരിക്കുന്നു വിഷാദം. വിഷാദവും വിഷാദരോഗവും രണ്ടാണ്. രോഗവും രോഗാവസ്ഥയും അതുണ്ടാക്കുന്ന ആഘാതവും വ്യത്യസ്തമാണ്. വിഷാദം ഒരു അവസ്ഥയല്ല. അതൊരു രോഗം തന്നെയാണ്. എന്നാൽ പലരും അത് തിരിച്ചറിയുന്നില്ല. മനസ്സിനെ കാർന്നു തിന്നുന്നത് വിഷാദരോഗമാണ് എന്ന തിരിച്ചറിവിൽ എത്തുമ്പോൾ പലപ്പോഴും കാലിടറി വീണുപോയിട്ടുണ്ടാവും. അപ്പോഴേക്കും അന്തർമുഖതയെന്നും, തലക്കനമെന്നും, സ്വാർത്ഥനെന്നുമുള്ള നിരവധി ലേബലുകൾ ചുറ്റുമുള്ളവർ ചാർത്തിത്തന്നിരിക്കും.
മലയാളിയുടെ സാമൂഹിക ബോധത്തിൽ ഇന്നും വിഷാദരോഗത്തെ ഒരു രോഗമായി അടയാളപ്പെടുത്തിയിട്ടില്ല. സൈക്യാട്രിസ്റ്റിനെയും സൈക്കോളജിസ്റ്റിനെയും സമീപിക്കുന്നതിൽ ഒരുപടി പിന്നിലാണ് മലയാളികൾ. അതിനു പിന്നിൽ നമ്മൾ നടത്തുന്ന ലേബലിംഗ് തന്നെയാണ് കാരണം. അതുകൊണ്ടാവാം ഡോക്ടറെ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞ് ഷർട്ടിൽ കണ്ണീരും മൂക്കളയും പടർത്തുന്ന 'സജി'യെക്കാണുമ്പോൾ നമ്മൾ പൊട്ടിച്ചിരിക്കുന്നത്. അതിനാലാവാം ഒറ്റപ്പെടലിന്റെയും വിഷാദരോഗത്തിന്റയും അങ്ങേത്തലക്കൽ ഫാനിലെ കുരുക്കിൽ തൂങ്ങിയാടുന്ന 'കുഞ്ഞൻ' ഒരു നടുക്കത്തിനപ്പുറം മലയാളിയുടെ ബോധതലങ്ങള സ്പർശിക്കാതിരുന്നത്...
ഉറക്കമില്ലായ്മ, യാതൊരു കാരണമില്ലാതെയുള്ള ഉത്കണഠ, അകാരണമായ ദുഃഖം, വെറുപ്പ്, മാനസിക പിരിമുറുക്കുങ്ങൾ, ആത്മഹത്യപ്പറ്റിയുള്ള നിരന്തര ചിന്ത, രുചിയില്ലായ്മ, സർവ്വതിനോടുമുള്ള വിരക്തി, ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാതെ വരിക, ക്ഷീണം, തളർച്ച, ഒന്നും ചെയ്യാനാകാത്ത ഒന്നിനോടും താല്പര്യമില്ലാത്ത അവസ്ഥ... വിഷാദരോഗത്തെ നമുക്ക് പല രീതിയിൽ അടയാളപ്പെടുത്താം.
തലച്ചോറിലെ ന്യൂറോട്രാന്‍സ്മിറ്ററുകള്‍ എന്ന രാസഘടകങ്ങളുടെ ക്രമക്കേടുകളാണ് വിഷാദരോഗം പോലെയുള്ള മാനസിക അസ്വാസ്ഥ്യങ്ങളിലേക്ക് നയിക്കുന്നത്. പ്രായഭേദമന്യേ ഇന്ന് വിഷാദരോഗം ഏവരെയും വരുതിയിലാക്കുന്നു. കുട്ടികളിലും കൗമാരക്കാരിലുമുള്ള വിഷാദരോഗികളുടെ എണ്ണം ദിനംപ്രതി വർദ്ധിക്കുകയാണ്. വിഷാദരോഗത്തിന് കാരണങ്ങൾ പലതാണ്. ചിലപ്പോൾ അക്കമിട്ട് അടയാളപ്പെടുത്താനാവുന്ന കാരണങ്ങൾ ഉണ്ടാവണമെന്നുമില്ല. ജീവിതത്തിന്റെ ഏതെങ്കിലും ഒരു ഘട്ടത്തിലെങ്കിലും നമ്മൾ വിഷാദരോഗത്തിന്റെ അതിരുകളിൽ തട്ടിവീണിട്ടുണ്ടാവും. സുരക്ഷിതമല്ലാത്ത ഗൃഹാന്തരീക്ഷം, പ്രിയപ്പെട്ടവരുടെ മരണം, വേർപാട്, അപകർഷതാബോധം, ലൈംഗിക പീഡനം, രോഗാവസ്ഥകൾ, സാമ്പത്തിക പ്രതിസന്ധി, ജോലിയിലുണ്ടാവുന്ന പ്രശ്നങ്ങൾ തുടങ്ങി നമുക്ക് ചുറ്റുമുള്ള പിരിമുറുക്കുങ്ങളെല്ലാം നമ്മെ വിഷാദരോഗത്തിലേക്ക് നയിക്കാം.
വിഷാദം പല രീതിയിലുണ്ട്. സ്ത്രീകളിൽ വിഷാദരോഗം പടരാനുള്ള സാധ്യതകളേറെയാണ്. ആർത്തവം സമ്മാനിക്കുന്ന മൂഡ് സ്വിങുകളും പ്രസവാനന്തരദിനങ്ങളും പെൺമനസ്സുകളിലെ വിഷാദത്തിന് ആക്കം കൂട്ടുന്നു. ചികിത്സിച്ച് ഭേദമാക്കേണ്ട ഒന്നുതന്നെയാണ് വിഷാദരോഗം. അവഗണിക്കുന്തോറും അതേൽപ്പിക്കുന്ന മുറിവിന്റെ ആഴവും വലുതായിരിക്കും. ജീവിതശൈലീ ക്രമീകരണങ്ങളിലൂടെ, മരുന്നിലൂടെ, മനശാസ്ത്രചികിത്സയിലൂടെ വിഷാദരോഗത്തെ നമുക്ക് പടിക്കു പുറത്ത് നിർത്താം. ചുറ്റുമുള്ളതിന് ഭംഗിയേറുന്നത് മനസ്സ് തുറന്ന് കാണുമ്പോഴാണ്. 'ജീവിതം യൗവനതീക്ഷ്ണമാകുന്ന' ഹൃദയം മുഴുവൻ ചുറുമുള്ളതിനോടുള്ള 'പ്രേമത്താൽ സുരഭിലമാകുന്ന' ഒരു ലോകം ഇതിനൊക്കയപ്പുറമുണ്ടെന്ന് തിരിച്ചറിയാൻ ഇനിയും വൈകിയിട്ടില്ല.
Comments
Post a Comment